ഇറാന്‍ ആണവ കരാറില്‍ നിന്നും ട്രംപ് പിന്മാറി: കാരണം അപ്രഖ്യാപിത അജണ്ടകള്‍

വാഷിങ്ടണ്‍: സുഹൃദ് രാജ്യങ്ങളുടേയും രാജ്യത്തെ സമാധാനകാംക്ഷികളുടേയും അഭ്യര്‍ത്ഥന മാനിക്കാതെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാന്‍ ആണവ കരാറില്‍...

ഇറാന്‍ ആണവ കരാറില്‍ നിന്നും ട്രംപ് പിന്മാറി: കാരണം അപ്രഖ്യാപിത അജണ്ടകള്‍

വാഷിങ്ടണ്‍: സുഹൃദ് രാജ്യങ്ങളുടേയും രാജ്യത്തെ സമാധാനകാംക്ഷികളുടേയും അഭ്യര്‍ത്ഥന മാനിക്കാതെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാന്‍ ആണവ കരാറില്‍ നിന്നും പിന്മാറി.

ഇറാന്‍ ആണവ നിരായുധീകരണത്തിന് വഴങ്ങിയാല്‍ അവര്‍ക്കു മേല്‍ ലോകരാജ്യങ്ങളേര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ പിന്‍വലിക്കുമെന്നായിരുന്നു കരാര്‍. യു.എസ് പ്രസിഡന്റായി അധികാരത്തിലേറിയതു മുതല്‍ കരാറിനെതിരായിരുന്നു ട്രംപ്. മെയ് 12നകം കരാര്‍ പരിഷ്‌കരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതില്‍ തുടരില്ലെന്ന് ട്രംപ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.

കരാറില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനു പകരം അതില്‍ ഉറച്ചു നില്‍ക്കാനാണ് ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ ട്രംപിനോട് നിര്‍ദ്ദേശിച്ചത്. ഒടുവില്‍ അന്ത്യശാസന തീയ്യതിക്ക് കാത്തു നില്‍ക്കാതെ ഇന്നലെ യുഎസ് പ്രസിഡന്റ് കരാറില്‍ നിന്നും പിന്തിരിയുന്നതായി പ്രഖ്യാപിച്ചു. അമേരിക്കന്‍ ജനതയില്‍ ഭൂരിഭാഗവും കരാറില്‍ തുടരണമെന്നാഗ്രഹിക്കുമ്പോള്‍ ട്രംപിന്റെ പിന്മാറ്റ തീരുമാനത്തിനു പിന്നില്‍ മറ്റു അജണ്ടകള്‍ ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഒബാമ ഭരണത്തില്‍ പിറന്ന കരാറിനോടുള്ള ട്രംപിന്റെ വിമുഖതയാണ് അതില്‍ ആദ്യത്തേത്. ഇറാനുമായി ധാരണകളുണ്ടാക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച മുന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിക്കെതിരെ പലപ്പോഴും വ്യക്തിപരമായ ആരോപണങ്ങള്‍ ട്രംപ് ഉന്നയിച്ചിരുന്നു. ഈയിടെ ഇറാനുമായി കെറി ചര്‍ച്ച നടത്തിയത് ട്രംപിനെ ചൊടിപ്പിച്ചു.

ഭരണത്തിലേറിയതിനു ശേഷം ഒബാമ കെയറും ട്രാന്‍സ് പസഫിക് വാണിജ്യ പങ്കാളിത്തവുമടക്കമുള്ള മുന്‍ സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതികളെ എതിര്‍ത്ത ട്രംപിന് ഇറാന്‍ കരാറും കണ്ണിലെ കരടായിരുന്നു. പാരീസ് പരിസ്ഥിതി ഉടമ്പടിയില്‍ നിന്ന് പിന്മാറിയതും കുടിയേറ്റ നിയമങ്ങളില്‍ വ്യതിയാനം വരുത്തിയതും ഇതിനോട് ചേര്‍ത്തു വായിക്കണം.

കരാറില്‍ നിന്നും ട്രംപ് വിട്ടു നില്‍ക്കാനുള്ള രണ്ടാമത്തെ കാരണം ഇസ്രായേലിനോടുള്ള ആഭിമുഖ്യമാണ്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്നപ്പോള്‍ ഇറാന്‍ കരാറിനോട് ട്രംപ് ഇത്ര വെറുപ്പ് പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ കലുഷിതമായ മധ്യേഷയില്‍ ഇടപെടാന്‍ തുടങ്ങിയതോടെ ട്രംപിന് കരാറിനോടുള്ള എതിര്‍പ്പ് പ്രകടമാവുകയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോടുള്ള അടുപ്പം വര്‍ധിക്കുകയും ചെയ്തു.

പലസ്തീന്‍ പ്രതിഷേധം വകവെയ്ക്കാതെ ജറുസലേം ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ച ട്രംപ് അവിടെ യുഎസ് എംബസി തുറക്കാനൊരുങ്ങുകയാണ്. പുതിയ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയും സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനും ട്രംപിനു സമാനമായി ഇറാന്‍ വിരുദ്ധരാണ്. വിദേശനയ രൂപീകരണത്തിന് ട്രംപ് ഒരുക്കിയ സംഘത്തിന് ഒരേ മനസ്സാണെന്നതിനാല്‍ ഇറാന്‍ കരാര്‍ പിന്മാറ്റം തുടക്കം മാത്രമെന്നു വേണം കരുതാന്‍.


Story by
Read More >>